വർഗീയ സംഘർഷം രൂക്ഷം: ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

    വർഗീയ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുസ്‍ലിം – ബുദ്ധ മതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് 10 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വർഗീയ സംഘർഷത്തിന്റെ ഭാഗമാകുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുന്നതിനാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതെന്ന് സർക്കാർ വക്താവ് അറിയിച്ചു.

    728*90

    കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ കലാപം രൂക്ഷമാണ്. സംഘർഷത്തെ തുടർന്ന് കാൻഡിയിൽ തിങ്കളാഴ്ച കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു ബുദ്ധമത വിശ്വാസി കൊല്ലപ്പെട്ടു. തുടർന്ന് മുസ്‌ലിംകളുടെ സ്ഥാപനങ്ങൾ ബുദ്ധമതക്കാർ തീവച്ചു നശിപ്പിച്ചു.

    ശ്രീലങ്കയിലെ 21 മില്യൻ ജനസംഖ്യയിൽ 10 ശതമാനം മുസ്‍ലിംകളും 75 ശതമാനം ബുദ്ധിസ്റ്റ് സിംഹളരുമാണ്. ബാക്കി 13 ശതമാനം ഹിന്ദുക്കളാണ്. കഴിഞ്ഞ മാസവും ഇവിടെ വർഗീയ സംഘർഷത്തിൽ അഞ്ചു പേർക്കു പരുക്കേറ്റിരുന്നു. ഒട്ടേറെ കടകളും മുസ്‌ലിംപള്ളിയും തകർക്കുകയും ചെയ്തിരുന്നു.