ത്രിപുരയും അതിവിപ്ലവ ബുദ്ധിജീവികളും.

കോർപ്പറേറ്റ് ശീതളിമയിലിരുന്ന് അതിവിപ്ലവം വിളമ്പുന്നത് പോലെ എളുപ്പമല്ല ഭൂരിപക്ഷ ജനതയുടെ മതവികാരത്തെ വർഗീയമായി ഉപയോഗിക്കുന്ന ഫാസിസ്റ്റ് പ്രവണതകളുടെ തന്ത്രങ്ങളെ പ്രതിരോധിക്കുക

സി പി എം പരാജയപ്പെടുന്നതില്‍ “വ്യസനിക്കുന്ന”വിപ്ലവകാരികളെപ്പറ്റി…

728*90

ഇടതുപക്ഷത്തെ കണ്ടുപിടിച്ച ആദർശശാലികളും അതിവിപ്ലവകാരികളും പ്രത്യയശാസ്ത്ര വിശാരദന്മാരുമായ ചിലർ പ്രസ്ഥാനങ്ങൾക്ക് പുറത്തു നിന്നുകൊണ്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങളും അപചയങ്ങളെക്കുറിച്ചുള്ള വിമർശനവും കാണുമ്പോൾ ഇന്ത്യയിൽ തകർക്കപ്പെടേണ്ടതിൽ ഒന്നാം സ്ഥാനത്തുള്ളത് മാർക്സിസമാണെന്ന് പ്രഖ്യാപിച്ച ഫാസിസത്തിന്റെ വക്താക്കളെ സഹായിക്കലാണോ അവരുടെ ലക്ഷ്യമെന്ന് തോന്നാറുണ്ട്.

തെരഞ്ഞെടുപ്പു ഫലം അവരിൽ ആഹ്ളാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ത്രിപുരയിൽ വിഘടനവാദി സംഘടനകളുമായി ചേർന്ന് കോൺഗ്രസ്സും മുമ്പ് (1988-ൽ) ഇടതുപക്ഷത്തെ തോൽപ്പിച്ചിട്ടുണ്ട്. ഇപ്പോൾ കോൺഗ്രസ്സുകാർ ഉൾപ്പെടെ ബി.ജെ.പി ലേബലിലും സഖ്യത്തിലും മത്സരിച്ചുവെന്ന് മാത്രം. 1988 ൽ നിന്ന് വ്യത്യസ്തമായി പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഡസൻ കണക്കിന് എം.പി.മാരും മറ്റ് സംസ്ഥാനങ്ങളിലെ 15000 പ്രവർത്തകരും (അവർക്ക് വലിയ തുക പ്രതിമാസശമ്പളം നൽകിയാണ് റിക്രൂട്ട് ചെയ്തിരുന്നതെന്ന് സമ്മതവും വന്നിരുന്നു) രണ്ട് ലോക്സഭാംഗങ്ങൾ മാത്രമുള്ള ഒരു ചെറിയ സംസ്ഥാനത്തെ രണ്ടു വർഷമായി ടാർഗറ്റ് ചെയ്ത് പ്രവർത്തിച്ചുവെങ്കിൽ ലക്ഷ്യം വ്യക്തമായിരുന്നു.

ഇന്ത്യയിൽ ഏറ്റവും പ്രതിച്ഛായയുള്ള ഒരു ഭരണ സംവിധാനത്തെ മാർക്സിസ്റ്റുകാരാണ് നയിക്കുന്നത്, അതിനെ തകർക്കുക എന്നത് തന്നെയാണത്. ഗോത്രവർഗക്കാരായ ജനങ്ങൾക്കിടയിൽ ആയിരക്കണക്കിന് രൂപ ഓരോ വോട്ടിനും വിതരണം ചെയ്യപ്പെട്ടിരുന്നതായി വോട്ടെടുപ്പിന് മുമ്പ് തന്നെ വാർത്തകൾ വന്നിരുന്നതുമാണ്. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലായിട്ടും ഇരുപത്തഞ്ച് വർഷങ്ങളായി മറ്റൊരു താരതമ്യത്തിന് സംസ്ഥാനത്തിനകത്ത് അവസരമുണ്ടാകാതിരുന്നത് (വോട്ടർമാരിൽ നല്ലൊരുഭാഗം 18-35 വയസ്സിനിടയിലു ള്ളവരാകുമല്ലോ) മാറ്റത്തിനു വേണ്ടിയെന്ന പ്രചാരവേലക്കാർക്ക് ഒട്ടൊക്കെ അനുകൂലമായിട്ടുണ്ടാകണം. എന്തായാലും പണമുൾപ്പെടെയുള്ള സർവവിധ സന്നാഹങ്ങളെയും നേരിടാൻ സി.പി.എം. എന്ന പാർട്ടിയുടെ സംഘടനാ സംവിധാനവും മണിക് സർക്കാർ എന്ന മുഖ്യന്റെ പ്രതിച്ഛായയും മാത്രമാണുണ്ടായിരുന്നത്. അവയുടെ ശക്തി ത്രിപുരയിൽ തുടരുന്നുവെന്ന് തന്നെയാണ് ഇടതുമുന്നണി മൊത്തത്തിൽ നേടിയ 45 ശതമാനത്തിലധികവും സി.പി.എം.ഒറ്റക്ക് നേടിയ 42.7 ശതമാനവുമായ വോട്ടുകൾ തെളിയിക്കുന്നത്. (വലിയ വിജയകാഹളം മുഴക്കിയ ബി ജെ പിയുടെ വോട്ട് ശതമാനം 43 ആണെന്ന് മറക്കേണ്ട). സി.പി.എം പരാജയപ്പെട്ടതിൽ ആഹ്ളാദം കൊള്ളുന്ന ഇടത് ബുദ്ധിജീവികളെന്ന പട്ടം സ്വയമണിഞ്ഞിരിക്കുന്ന വിശുദ്ധന്മാർ, ജയിച്ചത് സി.പി.എം.നെക്കാൾ ആദർശശുദ്ധിയും മാർക്സിസ്റ്റ് പാരമ്പര്യവുമുള്ള, മതനിരപേക്ഷമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരായ ആളുകളാണോയെന്ന് വ്യക്തമാക്കിയാൽ കൊള്ളാം.

കോൺഗ്രസുമായി ധാരണയുണ്ടാക്കാത്തതാണ് പ്രശ്നമെന്ന ചിലരുടെ വിലയിരുത്തൽ അതിലേറെ തമാശയാണ്. ത്രിപുരയിൽ അതൊരു ഘടകമേ ആയിരുന്നില്ല എന്നതാണ് ഫലം വിലയിരുത്തിയാൽ മനസ്സിലാവുക. പണാധിപത്യത്തിന്റെ കുത്തൊഴുക്കിൽ മുങ്ങിത്തുടിച്ച്, അഭിരമിച്ച് താമരത്തോണിയിൽ “കൈ” പിടിച്ച് കയറിയ അവർ പാർട്ടിയെ തന്നെ വിൽക്കുകയായിരുന്നില്ലേ? അവിടെ കോൺഗ്രസ് നേടിയത് 1.8 ശതമാനം വോട്ട്. അത് ഇടതുമുന്നണിക്ക് കിട്ടിയിരുന്നെങ്കിലും ഫലത്തിൽ വ്യത്യാസം ഉണ്ടാവുമായിരുന്നില്ല. പകരം കോൺഗ്രസ്സിന് മത്സരിക്കാൻ നൽകുന്ന സീറ്റുകളിൽ ഇടതുപക്ഷം നൽകുന്ന വോട്ട് അവരുടെ അക്കൗണ്ടിലാകും, സംസ്ഥാനമൊട്ടാകെ ഇടതുപക്ഷത്തിന്റെ വോട്ട് തങ്ങൾ നേടിക്കൊടുത്തതാണെന്ന വാദവും വന്നേനെ. ത്രിപുരയിലെ ബംഗാളി വംശജരും ഗോത്രവർഗക്കാരുമായ ജനങ്ങൾക്കിടയിലെ രാഷ്ട്രീയ പ്രവർത്തനം ശക്തമാക്കിക്കൊണ്ട് വിഘടനവാദത്തിനെതിരെ ജനത്തെ അണിനിരത്തി, അവർക്കിടയിൽ സൃഷ്ടിച്ച മിഥ്യാധാരണകൾ മാറ്റിയെടുത്താൽ 1988 ന് ശേഷം തിരിച്ചു വന്നതു പോലെ ഇടതുപക്ഷം തിരിച്ചു വരിക തന്നെ ചെയ്യും. കോർപ്പറേറ്റ് ശീതളിമയിലിരുന്ന് അതിവിപ്ലവം വിളമ്പുന്നത് പോലെ എളുപ്പമല്ല ഭൂരിപക്ഷ ജനതയുടെ മതവികാരത്തെ വർഗീയമായി ഉപയോഗിക്കുന്ന ഫാസിസ്റ്റ് പ്രവണതകളുടെ തന്ത്രങ്ങളെ പ്രതിരോധിക്കുക എന്നത്. പ്രത്യേകിച്ചും നവലിബറൽ നയങ്ങളുടെ പ്രചണ്ഡമായ പ്രചാരണങ്ങളിൽ വശംവദരാകുന്ന പുതു തലമുറയുടെ കാലത്ത്. കോർപ്പറേറ്റുകൾ പതിനായിരക്കണക്കിന് കോടി വെട്ടിക്കുന്നത് പ്രശ്നമല്ലാത്തവർ, പെട്രോളിയം ഉല്പന്നങ്ങൾക്ക് അമിതമായ നികുതിയേർപ്പെടുത്തി സാധാരണക്കാരന്റെ വരുമാനത്തെ കമ്പനികളും സർക്കാരും ചേർന്ന് കൊള്ളയടിക്കുന്നത് പ്രശ്നമല്ലാത്തവർ, പട്ടിണിക്കാരുടെ എണ്ണം കൂടി വരുന്നതും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വൻതോതിൽ വർധിക്കുന്നതും പ്രശ്നമല്ലാത്തവർ, കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് ജനത്തെ പറഞ്ഞു പറ്റിച്ചത് പ്രശ്നമല്ലാത്തവർ…. ഇവരൊക്കെയാണ് രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രചണ്ഡപ്രചാരണങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്. ഗോത്രവർഗ ജനതയുടെ സാംസ്കാരിക സവിശേഷതകളെപ്പോലും വർഗീയ ഹിന്ദുത്വത്തിന്റെ ഭാഗമായി അവതരിപ്പിച്ച് വികാരം കൊള്ളിക്കുന്നുണ്ട്. ഇതൊന്നും പ്രശ്നമല്ല, സി പി എം തകരുന്നതിലാണാനന്ദം എന്നുവന്നാൽ അതൊരുതരം രോഗമാണ്. അവർക്ക് കൂടുതൽ ആനന്ദം പകരുന്ന വാർത്തകൾ വന്നു തുടങ്ങിയിട്ടുണ്ട്. ഒരു സ്ക്രീൻഷോട്ട് അതിന്റേതാണ്.